വിവാദ ദുരൂഹ വ്യവസായികളുടെ താവളമായി സിപിഎം മാറുന്നതായും ഇപ്പോൾ ഉണ്ടായ കത്ത് വിവാദം പുറത്തു വരുമ്പോൾ തെളിയുന്നത് സിപിഎം നെ ചിലർ കള്ളൻമാരുടെ മടയാക്കിയെന്ന ഞെട്ടിക്കുന്ന തിരിച്ചറിവെന്നും അണികൾ പറഞ്ഞു തുടങ്ങി..
വെറുക്കപ്പെട്ടവൻ എന്ന വാക്ക് സിപിഎമ്മുമായി ബന്ധപ്പെട്ട ഒരു ദുരൂഹ വിവാദ വ്യവസായിയെ കുറിച്ച് വിശദീകരിക്കവേ മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റുമായിരുന്ന വി.എസ്.അചുതാനന്ദൻ പ്രയോഗിച്ചതോടെയാണ് സി പി എം എന്ന ഉന്നത ഗൂഢ സങ്കേതത്തിൻ്റെ മുഖം തെളിഞ്ഞു വന്നു തുടങ്ങിയത്. 1996 ൽ പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതു മുതലാണ് പാർട്ടിയുടെ പതിവ് ഭക്ഷണ രീതി തന്നെ മാറി തുടങ്ങിയത്. കട്ടൻ ചായയും പരിപ്പുവടയും ദിനേശ് ബീഡിയും ഒക്കെ സി പി എം ൻ്റെ പതിവ് ദിനചര്യയുടെ ഭാഗമായിരുന്നു എന്ന് കരുതിയ കാലം മാറിയെന്നും ബിരിയാണി കഴിച്ചാൽ കുഴപ്പമില്ലെന്നും ഉറക്കെ പ്രസ്താവിച്ച് അതിവേഗം മുതലാളിത്തത്തിലേക്ക് നടന്നു കയറിയ വിപ്ലവകാരികളിൽ പ്രധാനി സാക്ഷാൽ ഇ.പി.ജയരാജനാണ്. ലാവലനിൽ കയ്യിട്ടുവാരിയതിൻ്റെ ദാസ് കാപ്പിറ്റലു (മൂലധനം)മായി പാർട്ടിയെ നയിക്കാൻ എം. വിജയൻ എ കെ ജി സെൻ്ററിലേക്ക് ഇടതുകാൽ വച്ച് കയറിയതു മുതൽ സിപിഎമ്മിൻ്റെ നല്ല കാലം തുടങ്ങിയെന്ന് പറയാം. വെറും ലവിയും പിരിവും അൽപ്പം ഭീഷണിപ്പെടുത്തി മുതലാളിമാരിൽ നിന്ന് വാങ്ങിയിരുന്ന അയ്യായിരമോ പതിനായിരമോ ഒക്കെയായി കഴിഞ്ഞു വന്ന പാർട്ടി പിന്നെ കോടികളുടെ കിലുക്കത്തിലേക്ക് മുഴക്കമായി മാറി. ഉന്നത സഖാക്കൾ ഇറ്റാലിയൻ മാർബിൾ കൊണ്ട് വീടുവച്ചു. യന്തക്കല്ലിനെതിരെ തൊഴിലാളി സഖാക്കൾ സമരം ചെയ്യുന്നതിനിടയിൽ വേറെ ഉന്നത സഖാക്കൾ യന്ത്രക്കല്ല് കൊണ്ട് വലിയ വീട് പണിതു. വയൽ നികത്തുന്നതിനെതിരെ കർഷക തൊഴിലാളികൾ സമരം ചെയ്യുന്നതിനിടയിൽ മറ്റ് ചില ഉന്നത സഖാക്കൾ പാടം നികത്തി കെട്ടിടം പണിതു. വെട്ടിനിരത്തൽ സമരവുമായി കർഷക സഖാക്കൾ സമരം ചെയ്യന്നതിനിടയിൽ വേറേ ചില ഉന്നതസഖാക്കൾ തോട്ടങ്ങൾ വാങ്ങിക്കൂട്ടി. മണ്ണ് മാന്തുന്നതിനെതിരെ തൊഴിലാളി സഖാക്കൾ സമരം ചെയ്യുന്നതിനിടയിൽ ഉന്നത സഖാക്കൾ മണ്ണ് മാന്തിത്തന്നെ റിസോർട്ടുകൾ പലത് പണിതു. പ്രകൃതിസംരക്ഷണ ഭൂവിനിയോഗ പരിഷ്കരണത്തിന് ബുദ്ധിജീവി സഖാക്കാൾ നെഞ്ചു പൊട്ടി പദ്യം ചൊല്ലി നടക്കുന്നതിനിടയിൽ കാട് കയ്യേറിയും റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയും ഉന്നത സഖാക്കളും മക്കളും കോടികളുടെ ഇടപാടുകൾ നടത്തി. ഇതിനെല്ലാമിടയിൽ പാർട്ടി സമ്മേളനങ്ങൾ ആഘോഷങ്ങളായി മാറി. അണിസഖാക്കൾക്ക് സമ്മേളന നഗിരികളിൽ അണിയാൻ തുണിയും തിന്നാൻ ഫ്രൈഡ് റൈസും ചില്ലി ചിക്കനും ധാരാളമായി കിട്ടി. ഇതൊന്നും പാർട്ടി ഫണ്ടിൽ നിന്നായിരുന്നില്ല എന്ന തിരിച്ചറിവ് അണികൾക്ക് കിട്ടാതിരിക്കാൻ പാർട്ടി ശ്രദ്ധിച്ചു. സ്പോൺസർ എന്ന ഓമനപേരിൽ മുഖമില്ലാത്ത വിദേശബന്ധമുള്ള വ്യവസായികൾ അടിമ സഖാക്കൾക്ക് വയറ് നിറയെ ബിരിയാണി കൊടുത്തു കൊണ്ടിരുന്നു. അണികളുടെ എണ്ണം വർധിച്ചു. അണികളുടെ ജീവിത നിലവാരം എന്നും ഈ ഫ്രീ ബിരിയാണി തീറ്റക്കാരുടേതു മാത്രമായി തുടർന്നു. പാർട്ടി ഫണ്ടും നേതാക്കളുടെ സാമ്പത്തിക നിലവാരവും തമ്മിൽ പരസ്പര ബന്ധമില്ലാതെ മുന്നോട്ടു കുതിച്ചു.പക്ഷെ സമ്മേളനങ്ങളിലെ ഫ്രീ ബിരിയാണി വിതരണത്തിലെ എണ്ണം വർധിച്ചുകൊണ്ടേയിരുന്നു.
എവിടെ നിന്നാണ് ഈ പണം എന്ന ചോദ്യത്തിനിടയിലാണ് അച്ചുതാനന്ദൻ വെറുക്കപ്പെട്ടവനെ കുറിച്ചും വെറുക്കപ്പെട്ടവർ പാർട്ടിക്ക് നൽകുന്ന പണത്തെക്കുറിച്ചും പറഞ്ഞത്. അന്നത് ഒരു വിവാദ വൃക്ക വിൽപ്പനക്കാരനെന്ന് പേര് കേട്ട വിദേശ മലയാളി വ്യവസായിയെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിലും പിന്നീട് പാർട്ടിയെ നിയന്ത്രിക്കുന്ന സാമ്പത്തിക സ്രോതസ്സായി ഇത്തരം വെറുക്കപ്പെട്ട കച്ചവടക്കാർ മാറി, വളർന്നു, പാർട്ടിയെ കീഴടക്കി. ഒടുവിലിപ്പോൾ രണ്ട് ഗൂഢ വ്യവസായികൾ തമ്മിൽ പാർട്ടി പ്ലാറ്റ്ഫോമിൽ നിന്ന് പരസ്പരം ആരോപണങ്ങൾ ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്. വാർത്തയിങ്ങനെ -
സിപിഎമ്മിന് ഒരു ദുരൂഹ വ്യവസായി നൽകിയ കത്ത് ചോർന്നു. പാർട്ടി രഹസ്യമായിരുന്ന ആ കത്ത് ഡെൽഹി ഹൈക്കോടതിയിൽ പ്രത്യക്ഷപ്പെട്ടു.പിബിക്ക് നൽകിയ പരാതിക്കത്ത് ചോർത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകനാണെന്ന ആരോപണവുമായി ദുരൂഹ വ്യവസായി രംഗത്ത് വന്നു. ഇതാണ് വാർത്തയുടെ ചുരുക്കം.
ഈ കത്ത് ചോർന്നത് പാർട്ടിയുടെ ഉന്നത ഭരണ സംഘമെന്ന് അണികൾ ബഹുമാനത്തോടെ വണങ്ങി വിളിക്കുന്ന സാക്ഷാൽ പോളിറ്റ് ബ്യൂറോ എന്ന പി ബി യുടെ കക്ഷത്തിൽ രഹസ്യമായി സൂക്ഷിക്കുന്നതിനിടയിലാണെന്നതാണ് തമാശ. പിബിക്ക് വ്യവസായി നൽകിയ, ഗുരുതര രാപണങ്ങളുള്ള പരാതി കോടതി രേഖയായി എത്തിയതാണ് വാർത്തയിലെ ശ്രദ്ധേയമായ മറ്റൊരു കോമഡി. ഇത് പാർട്ടി നേതൃത്വത്തിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട് എന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. ഞെട്ടലും നാണവുമൊക്കെ പണത്തിൻ്റെ കാര്യമോർത്താൻ വെറും ശൂ ആണെന്ന് നേതാക്കൾക്കറിയാം.
പൊളിറ്റ് ബ്യൂറോക്ക് സ്വകാര്യ വ്യക്തി നൽകിയ പരാതി ചോർന്ന് കോടതി രേഖയായി എത്തിയതിലാണ് വിവാദമുയരുന്നത്. താൻ പാർട്ടിയുടെ പരമോന്നത സമിതിക്ക് നൽകിയ കത്ത് ചോർന്നതിനെതിരെ ജനറൽ സെക്രട്ടറി എം.എ .ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പുതിയ പരാതി നൽകിയിരിക്കുകയാണ്.
ഈ ചെന്നൈ വ്യവസായിയുമായി പാർട്ടിയുടെ ബന്ധമെന്താണെന്ന് അണികൾ ചോദിക്കരുത്. അത് നേതാക്കളുടെ കുടുംബശ്രീ ബന്ധമോ സ്പോൺസറിങ്ങ് ബന്ധമോ ആകാം. കത്ത് ചോർത്തിയത് പാർട്ടിയുടെ സംസ്ഥാന. സെക്രട്ടറിഎം.വി. ഗോവിന്ദൻ്റെ മകൻ ശ്യാം ആണെന്നാണ് ആരോപണം. അടുത്ത വിശദീകരണമാണ് ശ്രദ്ധേയം - പല പാർട്ടി നേതാക്കളുടെയും ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്‌ണയ്ക്കെതിരെ ഷെർഷാദ് നൽകിയ പരാതി ആണ് ചോർന്നത്. പിബിക്ക് വ്യവസായി നൽകിയ ഗുരുതര ആരോപണങ്ങളുള്ള പരാതി ദില്ലി ഹൈക്കോടതിയിൽ രേഖയായി എത്തുകയായിരുന്നു. .
ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്റെ മകനാണെന്ന് സംശയിക്കുന്നുവെന്ന് പാർട്ടിക്ക് പരാതി നൽകിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പറഞ്ഞു. ചോർച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എം.എ. ബേബിക്ക് പുതിയ പരാതി നൽകിയത്.
പിബിക്ക് നൽകിയ പരാതി ദില്ലി ഹൈക്കോടതിയിലെ മാനഷ്ടക്കേസിന്റെ ഭാഗമാക്കിയെന്നാണ് പരാതി. ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്. പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന് ചോദ്യമാണ് ഉയരുന്നത്. പരാതിക്ക് പിന്നാലെ രാജേഷ് കൃഷ്ണയെ മധുര പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കൽ എം.എ. ബേബി സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട വാർത്തയ്ക്കെതിരായിരുന്നു മാനനഷ്ട കേസ്. ഇതുമായി ബന്ധപ്പെട്ട വാർത്തക്കെതിരെയാണ് രാജേഷ് കൃഷ്ണ ദില്ലി ഹൈക്കോടതിയിൽ മാനനഷ്‌ടകേസ് നൽകിയത്.
രാജേഷും താനും തമ്മിലുള്ള പ്രശ്നം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണെന്നും രാജേഷ് കൃഷ്ണയ്ക്കെതിരെ 2021ലാണ് താൻ ആദ്യമായി പരാതി നൽകുന്നതെന്ന് വ്യവസായി മുഹമ്മദ് ഷെർഷാദ് പറഞ്ഞു. പരാതിയായി പിബിക്ക് ന കിയ കത്ത് കോടതിയിൽ രേഖയായ എത്തിയത് എങ്ങനെയാണെന്ന് അറിയില്ല. സംസ്ഥാന സെക്രട്ടറിയുടെ മകൻ രാജേഷിന്റെ കയ്യിലാണ്. അപ്പോൾ കത്ത് കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ഷെർഷാദ് പറഞ്ഞു.
പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ രാജേഷ് കൃഷ്ണ യുകെയിലെ സിപിഎം അനുകൂല സംഘടനയുടെ ഭാരവാഹിയാണ്. നാട്ടിൽ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. മധുര പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. രാജേഷിനെതിരെ പരാതി ഉയർന്നതിനാലായിരുന്നു പിബി തീരുമാനം. എംവി ഗോവിന്ദൻ്റെ ലണ്ടൻ യാത്രയിൽ രാജേഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമായും രാജേഷ് കൃഷ്ണക്ക് അടുപ്പമുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ ഒരു ടീമിന്റെ സഹ ഉടമയാണ് രാജേഷ് കൃഷ്ണ.
എങ്ങനുണ്ട് സഖാക്കളേ കാര്യങ്ങൾ? ഇതാണ് എം.വിജയൻ ഇടയ്ക്കിടെ പറയുന്നത്, നിങ്ങൾക്കീ പാർട്ടിയെപ്പറ്റി ഒരു ചുക്കന്നും അറിയില്ലെന്ന് .
ഡോ. ജിൻ്റോ ജോൺ പറയുന്നത് വായിച്ച് ബിരിയാണി സഖാക്കൾ പഴയ കട്ടൻ ചായയിലേക്കും പരിപ്പുവടയിലേക്കും തിരികെ പോയാൽ അന്തസ്സുള്ള കമ്യൂണിസ്റ്റാണെന്ന് പറയാം.
ഡോ.ജിൻ്റോ ജോൺ കുറിക്കുന്നു - ഇന്ത്യ മുഴുവൻ വോട്ട് ചോരിക്കെതിരെ തെരുവ് നിറയുമ്പോൾ ഇവിടെ കുറേയെണ്ണം കത്ത് ചോർത്തി നടക്കുന്നു.
ഇതൊക്കെയാണ് മാർക്സിസ്റ്റ് നേതാക്കളുടെ മക്കൾ മഹാത്മ്യം. ചിലർ കത്ത് ചോർത്തും, ചിലർ മയക്കുമരുന്ന് കടത്തും, ചിലർ ഡിഎൻഎ ടെസ്റ്റ് നടത്തും, ചിലർ ബിജെപിയുമായി ചേർന്ന് റിസോർട്ട് നടത്തും, ചിലർ ബോംബുണ്ടാക്കും, ചിലർ സ്വർണ്ണക്കടത്തും ക്വട്ടേഷനും കൊലപാതകവും നടത്തും. മറ്റ് ചിലർ മാസപ്പടി വാങ്ങും. എല്ലാം കണ്ണൂർ കമ്മ്യുണിസ്റ്റുകളുടെ തറവാട്ട് മഹിമയാണത്. തറവാട്ട് തമ്പുരാക്കന്മാരുടെ പാരമ്പര്യം കാക്കണമല്ലോ.
കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുത്ത് കച്ചവടം നടത്തുന്നതാണ് ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ മക്കളുടെ പ്രധാന ഈസ് 'ഓഫ് ഡൂയിംഗ് ബിസിനസ്'.
When shady businessmen are running 'Ease of Doing Business' in CPM